2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

മീനാക്ഷി ശേഷാദ്രി..

"ഇന്നും നിങ്ങള്‍ കുടിച്ചിട്ടുണ്ട് അല്ലേ"

ഭദ്രകാളി ഉറയുന്നത് പോലെ ഭാര്യ അതാ നില്‍ക്കുന്നു മുന്നില്‍! (പൂമുഖ വാതില്‍ക്കല്‍...എന്ന ഗാനം എഴുതിയവനെ കണ്ടിരുന്നെങ്കില്‍...എന്നോര്‍ത്തു പോയ നിമിഷം!)

പക്ഷേ, ഇവള്‍ എങ്ങനെ അറിഞ്ഞു? മണമില്ലാത്ത സാധനമാണ് കഴിച്ചത്! അതും രണ്ട് "അറുപത്" മാത്രം! കൂട്ടത്തില്‍ കുറെ പച്ച തേയിലയും ചവച്ചരച്ചു വായ്‌ നന്നായി കഴുകിയാണ് വന്നത്. എന്നിട്ടും ഇവള്‍ക്കെങ്ങനെ മനസ്സിലായി? ഈ പെണ്ണുങ്ങള്‍ക്ക് ഇങ്ങനെ ഘ്രാണ ശക്തി നല്‍കിയ ദൈവങ്ങളെ ശപിച്ച് ഞാന്‍ ഉള്ളിലേക്ക് പ്രവേശിച്ചു. ഒരു നമ്പരിട്ടു നോക്കാം എന്ന് തീരുമാനിച്ചു!

"നിന്നോട് ആര് പറഞ്ഞു ഞാന്‍ കുടിച്ചെന്ന്"

"ആരെങ്കിലും പറയണോ, ആ തിരുമോന്ത കണ്ടാല്‍ അറിയാമല്ലോ"

"എന്നാല്‍ നീ ഒന്ന് മണത്തു നോക്കെടി" അവളുടെ നീണ്ട നാസിക എന്‍റെ മുഖത്തേക്ക്‌ അടുക്കുംതോറും എന്‍റെ നെഞ്ചിടിപ്പ് കൂടി...

"ശരിയാണല്ലോ, മണമൊന്നുമില്ലല്ലോ, മുഖം കണ്ടാല്‍ കുടിച്ചെന്നെ പറയു, പോട്ടെ, ഞാന്‍ കരുതി നിങ്ങള്‍ കുടിച്ചതാണെന്ന്, എന്നാല്‍ അത്താഴം എടുക്കട്ടെ."

"ഉം.."

ആവൂ...ആശ്വാസമായി...അങ്ങനെ ഇന്നത്തെ കാര്യം ഒരുവിധം കഴിച്ചു കൂട്ടി...ഒരു സന്തോഷം എനിക്കപ്പോള്‍ ഉണ്ടായി...ഈ രീതി തുടര്‍ന്നാല്‍ പെഗ്ഗുകളുടെ എണ്ണവും കൂട്ടാമല്ലോ? സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി...

അങ്ങനെ ഒന്ന് രണ്ട് ദിവസങ്ങള്‍ കൂടി ഞാന്‍ ഈ രീതി പ്രയോഗിച്ചു നോക്കി...ദിവസവും ഒരു "നാസികാ പ്രയോഗം" നടത്തി സഹധര്‍മ്മിണി എന്‍റെ നല്ല നടപ്പില്‍ സന്തോഷവതിയായി...ഈയുള്ളവനും അങ്ങനെ തന്നെ..

കൂട്ടുകാരന്‍റെ സീമന്ത പുത്രിയുടെ ജനമദിനം....വളരെയധികം ആഘോഷങ്ങളില്ലെങ്കിലും അടുത്ത കൂട്ടുകാരെ മാത്രം ക്ഷണിച്ചിട്ടുണ്ട്..

കൂട്ടുകാരുടെ ഭാര്യമാരും എന്‍റെ ഭൈമിയും "നുണ" പറയല്‍ യോഗവുമായി ഒരു മുറിയില്‍ കൂടി...

ആഘോഷമായത് കൊണ്ട് ഔദ്യോഗിക അനുവാദം കിട്ടിയിട്ടുണ്ട് രണ്ടെണ്ണം "വീശാന്‍!!" തന്നെയുമല്ല കുറച്ചു ദിവസങ്ങളായി നല്ല ഭര്‍ത്താവായിരുന്നല്ലോ ഞാന്‍!! അതുകൊണ്ട് തന്നെ കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ ഞങ്ങളെല്ലാം ജന്മദിനം ആര്‍ഭാടപൂര്‍വ്വം കൊണ്ടാടി!

അടുത്ത ദിവസം ഇത്തരം പരിപാടികളില്‍ നിന്നും ഞങ്ങള്‍ കൂട്ടുകാരെല്ലാം തന്നെ വിട്ടു നിന്നു...ഒരു ചെറിയ ഇടവേള എല്ലാ കാര്യങ്ങളിലും വേണ്ടതല്ലേ?

തേയില പ്രയോഗവും മണമില്ലാത്ത "കള്ളിന്റെ" കുത്തൊഴുക്കും ഉള്ളിടത്തോളം ഇനി ആരും പെട്ടെന്ന് പിടി കൂടില്ല എന്ന ധൈര്യം രണ്ട് പെഗ്ഗില്‍ നിന്നും കൂടുതല്‍ എണ്ണത്തിലേക്ക് പോകാന്‍ എന്നെയും നിര്‍ബന്ധിതനാക്കി.

അന്നും സാമാന്യം നല്ല "ഫോമില്‍" തന്നെയാണ് വീട്ടില്‍ വന്നത്.

"എന്താ കാലു നിലത്ത് ഉറയ്ക്കുന്നില്ലേ?" ഉറഞ്ഞു തുടങ്ങിയ ഭാര്യ മുന്നില്‍!

"നിനക്കെന്തിന്റെ കേടാ...ഞാന്‍ കുടിച്ചിട്ടൊന്നുമില്ല"..അല്പം കൊഴച്ചില്‍ സംസാരത്തില്‍ എനിക്ക് തന്നെ തോന്നി.

"സത്യമായും കുടിച്ചിട്ടില്ലല്ലോ?"

"നിന്നാണെ ഞാന്‍ കുടിച്ചിട്ടില്ല...ഇനിം സംശയമാണെങ്കില്‍ നീ മണത്തു നോക്കെടി"...അവളുടെ തലയില്‍ കൈ വച്ച് ഞാന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

"എന്‍റെ തല തെറിച്ചു പോയാല്‍ നിങ്ങള്‍ക്കെന്താ ചേതം" ഇവള്‍ എന്തോ കരുതി കൂട്ടി തന്നെയാണെന്ന് തോന്നുന്നു...

"ശരി, ഞാന്‍ സമ്മതിച്ചു...നിങ്ങള്‍ കുടിച്ചിട്ടില്ലെന്ന്‍....പക്ഷേ ഒരു കാര്യം പറയണം...എന്നാല്‍ ഞാന്‍ സമ്മതിക്കാം.."
"ശരി, സമ്മതിച്ചിരിക്കുന്നു..." സത്യത്തില്‍ നേരെ നില്‍ക്കാന്‍ ഞാന്‍ പെടുന്ന പാടുണ്ടോ ഇവള്‍ അറിയുന്നു.. എന്തായാലും ഇന്നും രക്ഷപ്പെട്ടു എന്ന് തോന്നുന്നു...പറയേണ്ടത് കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ത്തു.

"ശരി..പറയൂ...മീനാക്ഷി ശേഷാദ്രി..."

ങേ...അതെന്തിനാ...അങ്ങനെ പറയുന്നത്?

"അതെന്തിനും ആകട്ടെ...നിങ്ങള്‍ പറയൂ..".

"എനിക്കെങ്ങും വയ്യ...നിനക്ക് വേറെ ഒരു പണിയുമില്ലേ?" അങ്ങനെ പറയാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കിലോ എന്ന ശങ്കയും എനിക്കുണ്ടായിരുന്നു...

"ഇല്ല...പറഞ്ഞേ പറ്റൂ."

പറയാന്‍ പറ്റാത്ത കാര്യം എങ്ങനെ പറയും...ഇന്നല്പം കഴിച്ചു എന്ന് സമ്മതിക്കുന്നതായിരിക്കും നല്ലതെന്ന തോന്നി.

"നീ ദേഷ്യം പിടിക്കേണ്ട...ഇന്നല്പം കുടിച്ചിട്ടുണ്ട് ഞാന്‍...നാളെ മുതല്‍ ഇല്ല...പോരെ.."

ദൈവമേ...കണ്ടോ...അപ്പോള്‍ ലത ചേച്ചി പറഞ്ഞത് സത്യം തന്നെയാ അല്ലേ...നിങ്ങളെല്ലാം കൂടി ഞങ്ങളെ കളിപ്പിക്കുകയായിരുന്നു..ഇന്നലെ ചേച്ചിയാ ഈ വിദ്യ പറഞ്ഞു തന്നത്...കുടിക്കുന്നവര്‍ ഒരിക്കലും "മീനാക്ഷി ശേഷാദ്രി" എന്ന് പറയില്ലെന്ന് ഇന്നെനിക്കും ബോധ്യമായി...എന്‍റെയൊരു തലവിധി........."

ഇങ്ങനെ അവള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു...എന്നാലും ഇങ്ങനെയൊരു പരീക്ഷണ വാചകം ലത എന്‍റെ കൂട്ടുകാരന്‍റെ മേല്‍ പ്രയോഗിക്കുന്ന വിവരം അവന്‍ എന്നോട് പറഞ്ഞില്ലല്ലോ എന്ന വ്യസനത്തില്‍, പുറത്തു പിറുപിറുക്കുന്ന ഭാര്യയുടെ വായ്ത്താരി കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ ഉള്‍വലിഞ്ഞു!!!