2009, ഡിസംബർ 20, ഞായറാഴ്‌ച

പി എന്നാല്‍ പരമേശ്വരന്‍!!!

എന്‍റെ ഗ്രാമം, വളരെ സമ്പന്നമൊന്നുമല്ലാത്ത എന്‍റെ ചെറിയ ഗ്രാമം...നാനാ ജാതി മതസ്ഥരും ഒന്നിച്ച് കഴിയുന്ന എന്‍റെ ഗ്രാമത്തില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം...അമ്പലങ്ങളിലെ ഉത്സവങ്ങളും പള്ളികളിലെ പെരുന്നാളുകളും എല്ലാവരും ഉത്സാഹത്തോടെ തന്നെ കൊണ്ടാടുന്നു....അങ്ങനെ എന്‍റെ ഗ്രാമത്തിലെ അമ്പലത്തില്‍ ഉത്സവത്തിനു കൊടിയേറി....ഞങ്ങളുടെ ഓണം ആണ് ഞങ്ങളുടെ ഉത്സവങ്ങള്‍ എന്ന് പറഞ്ഞാല്‍ പോലും അതില്‍ തെല്ലും അതിശയോക്തിക്ക് വകയില്ല... അല്ലെങ്കില്‍ ഓണത്തിനേക്കാള്‍ ഉത്സവങ്ങള്‍ക്കു ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നു....പത്തു ദിവസത്തെ ഉത്സവങ്ങളില്‍ പലതരം പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്!! നാടകം, ബാലെ, ഗാനമേള, മിമിക്രി, സംഗീത കച്ചേരി മുതലായ കിടിലന്‍ പരിപാടികളായിരുന്നു ഇത്തവണ...ഇതിനിടെ ഒരു കാര്യം കൂടി പറഞ്ഞ് കൊള്ളട്ടെ...ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചവര്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വളരെ വിരളമാണ്, അത് കൊണ്ട് തന്നെ സംഗീത കച്ചേരി വേണ്ട എന്ന് ആദ്യം തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു...നാടോടുമ്പോള്‍‍ നടുവേ...എന്നല്ലേ, മിക്കവാറും ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്ക് കച്ചേരി ഉള്ളത് കൊണ്ട് ഇവിടെയും വേണമെന്ന് കുറച്ചു പേര്‍ ആവശ്യപ്പെട്ടതാണ് ഇത്തവണ ഒരു ദിവസം കച്ചേരി നടത്താന്‍ കമ്മിറ്റി തീരുമാനിച്ചത് എന്നാണ് ജന സംസാരം...ഉത്സവം മൂന്നു ദിനങ്ങള്‍ പിന്നിട്ടു...നാലാം ദിവസമാണ് സംഗീത കച്ചേരി...അതും നെയ്യാറ്റിന്‍കര വാസുദേവന്‍റെത്...ആനന്ദ ലബ്ദിക്കിനിയെന്തു വേണം!! കച്ചേരിയോടുള്ള അടങ്ങാത്ത അഭിനിവേശമാകണം കേള്‍വിക്കാര്‍ വളരെ കുറവായിരുന്നു....പ്രായമുള്ളവര്‍ മുന്‍പില്‍ തന്നെ സ്ഥലം പിടിച്ചു...സംഗീതമറിയില്ലെങ്കിലും തല കുലുക്കന്നതിലോ താളമിടുന്നതിലോ ഇവരാരും തന്നെ ഒരു ലുബ്ദും കാണിച്ചതുമില്ല!! വാതാപിയിലായിരുന്നു കച്ചേരിയുടെ തുടക്കം...രണ്ടു മണിക്കൂറോളം നീണ്ട കച്ചേരി തീര്‍ന്നു...വലിയ കൈയടിയോ ബഹളങ്ങളോ ഇല്ലാതെ..... പരിപാടിയുടെ കാശും വാങ്ങി അദ്ദേഹവും കൂട്ടരും സ്ഥലം വിടുകയും ചെയ്തു...അടുത്ത ദിവസം പുലര്‍ച്ചെ, ഇന്നലെ കഴിഞ്ഞ കച്ചേരിയായിരുന്നു മുതിര്‍ന്നവരുടെ സംസാര വിഷയം...അതില്‍ വാസുപിള്ള അമ്മാവന് ഒരു സംശയം..."വാതാ....പി....ഗണപതിം...എന്ന് അദ്ദേഹം എന്തിനാ വിട്ടു പാടിയത്" എന്നായിരുന്നു സംശയം...അറിവുള്ളവര്‍ പറഞ്ഞു "അമ്മാവാ അത് വിട്ടു പാടിയതൊന്നുമല്ല, പാടേണ്ട രീതിയാണത്..അമ്മാവന് ശാസ്ത്രീയ സംഗീതം അറിയാഞ്ഞിട്ടാണ്‌ ഇങ്ങനെ തോന്നുന്നത്"" ഓ, അറിവുള്ളവര്‍ വന്നിരിക്കുന്നു...അദ്ദേഹം അങ്ങനെ പാടിയതിന് കാരണമുണ്ട്, ഗണപതിയെ സ്മരിക്കുമ്പോള്‍ അദ്ദേഹത്ത്നിന്റെ അച്ഛനെയും സ്മരിക്കെണ്ടേ? അതാണ്‌ അതങ്ങനെ പാടിയത്"! ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കിയ ഞങ്ങളിലാരോ ചോദിച്ചു "എങ്ങനെ?""ഡാ, വാതാ...പി...ഗണപതിം എന്ന് പറഞ്ഞാല്‍ "വരൂ പരമേശ്വര പുത്രന്‍ ഗണപതി" എന്നാണ്, അതായത്, സംഗീതമായത് കൊണ്ട് അങ്ങനെ പരത്തി പാടാന്‍ പറ്റില്ലല്ലോ, അതിനാണ് ചുരുക്കി "പി ഗണപതിം" എന്ന് പാടുന്നത്, മനസ്സിലായോ?"പി എന്നാല്‍ പരമേശ്വരന്‍!!!

2009, ഡിസംബർ 12, ശനിയാഴ്‌ച

കറുപ്പിന് ഏഴ്......., വെളുപ്പിനോ??

വളരെ അപൂര്‍വ്വമായി കിട്ടുന്ന തണുപ്പിന്‍റെ സാന്നിധ്യം മുതലെടുത്ത്‌, നേര്‍ത്ത പുതപ്പിന്റെയുള്ളില്‍ സുഖ നിദ്രയിലായിരുന്ന എന്നെ "ചേട്ടാ, കാപ്പി" എന്ന സ്നേഹമസൃണമായ ശബ്ദത്തില്‍ എന്‍റെ സ്നേഹനിധിയായ ഭാര്യ വിളിച്ചുണര്‍ത്തിയപ്പോള്‍, എന്‍റെ സുഖ നിദ്രക്കു ഭംഗം വരുത്തിയതില്‍ ദേഷ്യമുണ്ടായെങ്കിലും "കുറച്ചു കൂടി ഉറങ്ങട്ടെ" എന്നൊരു വാചകത്തില്‍ ഞാനതൊതുക്കി ... "സമയമെന്തായെന്നറിയുമോ" എന്നായി അടുത്ത പുന്നാരം...ഇനി എഴുന്നെല്‍ക്കുകയെ നിവൃത്തിയുള്ളു എന്ന് മനസ്സിലാക്കി ഞാന്‍ ഉറക്കച്ചവടോടെ അവള്‍ തന്ന ചൂടുള്ള കാപ്പി കൈയില്‍ വാങ്ങി...അല്ലെങ്കിലും ഭര്‍ത്താക്കന്മാര്‍ കുറച്ചു നേരം കൂടുതല്‍ ഉറങ്ങുന്നത് ഭാര്യമാര്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ലല്ലോ!! അവള്‍ എടുത്തു കൊണ്ട് വന്ന പത്രവും നോക്കി കാപ്പി തീര്‍ക്കുകയായിരുന്നു എന്‍റെ അടുത്ത ജോലി...പത്ര വായന തലക്കെട്ടുകളില്‍ മാത്രമായി ഒതുക്കുകയാണ് പതിവ്...പിന്നെ നാട്ടുകാര്‍ ആരെങ്കിലും ചരമ കോളത്തില്‍ കയറിക്കൂടിയിട്ടുണ്ടോ എന്നും....അതോടെ എന്‍റെ പത്ര പാരണവും, കാപ്പിയും തീരും...
എന്‍റെ ഭൈമിയും എന്‍റെയൊപ്പം വന്നിരുന്നു...പത്രത്തിന്റെ അകത്താളുകള്‍ എന്‍റെ സമ്മതമില്ലാതെ അവള്‍ മറിച്ച് നോക്കുന്നുണ്ടായിരുന്നു..."അമ്മെ എനിക്കും കാപ്പി" എന്ന് പറഞ്ഞ് എന്‍റെ സീമന്ത പുത്രന്‍ പത്തു വയസുകാരനും എത്തി ഞങ്ങളുടെ ഇടയിലേക്ക്...വല്ലപ്പോഴും കിട്ടുന്ന അച്ഛന്‍റെ സാന്നിധ്യം മുതലാക്കാനായിട്ടാകണം അവന്‍ എന്നോടോട്ടിയിരുന്നു...അതൊരു സുഖവുമായിരുന്നു എന്നും പറയട്ടെ...പത്രത്താളിലെ ഒരു സൌന്ദര്യ വര്‍ദ്ധക പരസ്യം കണ്ടിട്ട് "ചേട്ടാ ഇതൊരെണ്ണം വാങ്ങണെ" എന്നൊരു ആവശ്യം വാമഭാഗം അവതരിപ്പിച്ചു....."അമ്മക്കിപ്പോ ഇതൊക്കെ എന്തിനാ?" എന്നായി പുത്ര ശിരോമണി..."പിന്നേം അച്ഛനാണെങ്കില്‍ നന്നായിരുന്നു, അച്ഛനല്ലേ കറുത്തിട്ട് " അവന്‍റെ കമന്റു എനിക്കു നന്നേ ബോധിച്ചെങ്കിലും ഭര്‍ത്താവിനോടുള്ള സ്നേഹം ഭാര്യയെ ചൊടിപ്പിച്ചു.." അച്ഛന്‍ കറുത്തതാണെങ്കിലെന്താ, എഴഴകല്ലേ" എന്നെയും അവളെയും മാറി മാറി നോക്കിയിട്ട് സ്വയം ഒന്ന് നോക്കിയ മകന്‍, "അമ്മ പറയുന്നത് കറുത്തവര്‍ക്ക് എഴഴകെന്നല്ലേ" "അതേ, എന്താ, നിനക്ക് സംശയം വല്ലതുമുണ്ടോ" "ഉം...അപ്പോ ബാക്കി തൊണ്ണൂറ്റി മൂന്നഴകും വെളുത്തവര്‍ക്കല്ലേ അമ്മെ?" മകന്‍റെ മുന്നില്‍ ചിരി മറയ്ക്കാന്‍ ഞാന്‍ പത്രത്താളുകള്‍ മുകളിലേക്കുയര്‍ത്തി...ഭാര്യ വായ പൊത്തിപ്പിടിച്ചു കൊണ്ട് അടുക്കളയിലേക്കും..........