2011, ജൂലൈ 25, തിങ്കളാഴ്‌ച

അമ്മ അറിയാന്‍


ഞാന്‍ അനന്തു , ഒരു വയസ്സും കുറച്ചു ദിവസങ്ങളുമാണ് എന്‍റെ പ്രായം...അപ്പോള്‍ നിങ്ങള്‍ക്ക്‌ തോന്നാം ഈ കുരുന്നു പ്രായത്തില്‍ ഒരു ആത്മകഥയോ എന്ന്? അതിനൊന്നും പ്രായം ആവശ്യമില്ലല്ലോ....

അമ്മയുടെ വയറ്റില്‍ ജന്മം കൊണ്ട നാള്‍ മുതല്‍ തുടങ്ങിയെങ്കിലെ കഥക്ക് ഒരു ഒഴുക്കുണ്ടാവൂ...എനിക്ക് ജീവന്‍റെ തുടിപ്പുണ്ടെന്നു മനസ്സിലാക്കി ഭൂമിയിലേക്കുള്ള എന്‍റെ വരവിനെ സ്വപ്നം കണ്ടു കഴിയുന്ന ദിവസങ്ങളില്‍ ഒന്നില്‍ ഞാന്‍ ഓരോന്ന് ഓര്‍ത്തു ഒന്ന് തിരിഞ്ഞപ്പോള്‍ എന്നേപോലെ മറ്റൊരു രൂപം...ശെടാ...ഈ അമ്മയെന്താ വയറ്റിനുള്ളിലും കണ്ണാടി വച്ചിട്ടുണ്ടോ? ഞാന്‍ ആ രൂപത്തെ ഒന്ന് തൊട്ടു നോക്കി...അല്ല...കണ്ണാടി അല്ല...എന്നേ പോലെ തന്നെ മറ്റൊരു ജീവന്‍ തന്നെയാണത്.....എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി...എന്‍റെ സന്തോഷം അമ്മയുടെ വയറിനുള്ളില്‍ ആവതും ഞാന്‍ ആഘോഷിച്ചു...അതിന്റെ വേദന മുഴുവന്‍ എന്‍റെ അമ്മയാണ് അനുഭവിച്ചത് എന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു...

ഞങ്ങള്‍ സഹോദരങ്ങളാണ്...കൂട്ടുകാരാണ്...ഒരു ചേട്ടന്‍ വെളിയിലുണ്ട്...ഞങ്ങള്‍ രണ്ടും ഭൂമിയില്‍ ജനിച്ചു വീണതിനു ശേഷം കാട്ടികൂട്ടെണ്ട വികൃതികളെ കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടു...ഞങ്ങള്‍ പിരിയാന്‍ കഴിയാത്തവണ്ണം അടുത്തു...ഞങ്ങളുടെ ആരോഗ്യവും ബുദ്ധിശക്തിയും മുന്നില്‍ കണ്ടു കൊണ്ട്, കണ്ണില്‍ കാണുന്നതൊക്കെ അമ്മ വലിച്ചു വാരി തിന്നു....ഞങ്ങള്‍ക്ക്‌ മതി എന്ന് പറഞ്ഞാല്‍ ആര് കേള്‍ക്കാന്‍ ...പലപ്പോഴും അമ്മ അച്ഛനോട് പറയുന്നത് കേട്ടിട്ടുണ്ട്...പോഷക ഗുണമുള്ള ആഹാരങ്ങള്‍ കഴിച്ചെങ്കിലെ കുട്ടികള്‍ക്ക്‌ ആരോഗ്യവും ബുദ്ധിശക്തിയും കിട്ടൂ...പാവം അച്ഛന്‍ , അത് കേള്‍ക്കാത്ത താമസം വീണ്ടും വാങ്ങിക്കൊണ്ടു വരും എന്തെങ്കിലുമൊക്കെ...ഞങ്ങള്‍ക്ക് മതി എന്ന് തോന്നുന്ന ഘട്ടത്തില്‍ അമ്മയെ തൊഴിച്ചും മാന്തിയും ഞങ്ങളുടെ ഇംഗിതം അറിയിക്കാന്‍ ശ്രമിക്കാറുണ്ട്...അന്നേരം അമ്മ അച്ഛനോട് പറയുന്നത് കേട്ടിട്ടുണ്ട്, "രണ്ടും ചട്ടമ്പികള്‍ ആണെന്ന് തോന്നുന്നു...നല്ല ഇടീം ചവിട്ടുമാണ്" എന്നൊക്കെ...ഞങ്ങള്‍ എന്തിനാ ഇത് ചെയ്യുന്നതെന്ന് പാവം അമ്മയുണ്ടോ അറിയുന്നു...

മറ്റേതോ സ്ഥലത്തായിരുന്നു ഞങ്ങള്‍ എന്നും ഇനി വേറെ എവിടേക്കോ പോവുകയാണെന്നും ഒക്കെ അച്ഛന്റെയും അമ്മയുടെയും സംഭാഷണങ്ങളില്‍ നിന്നും മനസ്സിലായി...കാത്തിരിപ്പിന് അറുതിയായി...ഞങ്ങളും ഈ ഭൂമിയിലേക്ക് അവതരിച്ചു...കരച്ചിലിനും ചിരിക്കും വേണ്ടി ഞങ്ങള്‍ മത്സരിച്ചു...കാണാന്‍ വന്നവരില്‍ ആരോ പറഞ്ഞു "രണ്ടും അമ്മ മക്കള്‍ തന്നെ"...ഇത് കേട്ട് അച്ഛന് വിഷമമായോ എന്തോ?

ഞങ്ങളുടെ കണ്ണുകള്‍ , പുറം ലോകത്തിന്റെ ഭംഗി അറിഞ്ഞു...വൃക്ഷങ്ങളും, സസ്യലതാദികളും ഞങ്ങളുടെ കാഴ്ചക്ക്‌ അമൃതേകി..കിളികളുടെ സംഗീതം ഞങ്ങളുടെ മനസ്സിനെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത്!! അമ്മയുടെ മുലപ്പാല്‍ നുകര്‍ന്നും, കുറുക്കുകള്‍ കഴിച്ചും ഞങ്ങളും വളരാന്‍ തുടങ്ങി...

ഞങ്ങള്‍ക്കിപ്പോള്‍ മാസങ്ങളുടെ വളര്‍ച്ചയായി....ഞങ്ങളുടെ ഭാരം വര്‍ദ്ധിച്ചു...ഞങ്ങളെ ലാളിക്കാന്‍ ധാരാളം പേര്‍ ...ഒരു ദിവസം അച്ഛന്‍ അമ്മയെ വിളിച്ചു പറഞ്ഞു, ഉടനെ പോരാന്‍ ...അച്ഛന് ഞങ്ങളെ കാണാതിരിക്കാന്‍ പറ്റുന്നില്ല എന്നതായിരുന്നു സത്യം!! ഞങ്ങളുടെ ശുശ്രൂഷക്ക് ഒപ്പം അമ്മൂമ്മയും കൂടെ പോന്നു....

അങ്ങനെ, കിളികളും സസ്യലതാതികളും ഇല്ലാത്ത, കൂറ്റന്‍ കെട്ടിടങ്ങള്‍ മാത്രമുള്ള എവിടെയോ ഞങ്ങള്‍ എത്തി...അച്ഛന്‍ പറഞ്ഞ സ്ഥലമായിരിക്കും ഇത്...ഞങ്ങളെ സ്വീകരിക്കാന്‍ അവിടെ എത്തിയ ആളെ നോക്കി...ഞങ്ങളെ അദ്ദേഹം വാരിയെടുത്തു...അതെ...ഇതാണ് ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛന്‍ എന്ന തിരിച്ചറിവായിരുന്നു ആ സ്നേഹപ്രകടനത്തില്‍ വെളിവായത്...

വീണ്ടും മാസങ്ങളുടെ വളര്‍ച്ച...അമ്മയുടെ ജോലിക്ക് പോക്ക് ഞങ്ങള്‍ കാരണം നിന്നിരിക്കുന്നു...അത് ഞങ്ങള്‍ക്കും വിഷമമായി...ഇതിനിടെ അമ്മൂമ്മയ്ക്കും നില്‍ക്കാന്‍ പറ്റില്ലത്രേ!! അച്ഛനും അമ്മയും ആകെ ധര്‍മ്മസങ്കടത്തിലായി.....എന്ത് ചെയ്യും?

അവസാനം അവര്‍ ഒരു തീരുമാനത്തിലെത്തി!! എന്നെ തിരികെ കൊണ്ട് വിടുക!! ആ തീരുമാനം കേട്ടതും ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു...എന്‍റെ വിഷമം അറിയിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഞാന്‍ നന്നേ പരിക്ഷീണിതനായി......പക്ഷേ ആ തീരുമാനം നടപ്പിലായി...എന്നെ വീണ്ടും പക്ഷികളുടെയും സസ്യലതാതികളുടെയും നാട്ടിലേക്ക്‌ അടര്‍ത്തി മാറ്റി!!!

ഇപ്പോള്‍ എനിക്ക് അച്ഛന്റെ മണം അനുഭവിക്കാനുകുന്നില്ല....അമ്മയുടെ മുലപ്പാലിന്റെ സ്വാദ് അറിയുന്നില്ല.....ഇത്ര ചെറുതിലെ ഇതെല്ലാം നിഷേധിക്കാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ബന്ധുക്കളെല്ലാം വളരെ നന്നായി തന്നെ എന്നെ പരിപാലിക്കുന്നു....പക്ഷേ അതെങ്ങനെയായാലും എന്‍റെ അച്ഛനും അമ്മയുമാകില്ലല്ലോ....ഞാന്‍ എപ്പോഴും ചിരിച്ചു കളിച്ചു നടക്കാന്‍ ശ്രമിച്ചു...എന്‍റെ വിഷമം ആരെയും അറിയിക്കാതെ...

പ്രിയപ്പെട്ട അമ്മേ, അമ്മയുടെ ലാളനയും വാത്സല്യവും അനുഭവിക്കേണ്ട ഈ പ്രായത്തില്‍ എന്ത് ന്യായവാദങ്ങളുടെ പേരിലാണെങ്കിലും എന്നെ ഒറ്റപ്പെടുതിയത് ശരിയാണെന്ന് തോന്നുന്നുണ്ടോ? എന്ത് അപരാധമാണ് ഞാന്‍ ചെയ്തത്? എന്‍റെ കൂടെപിറന്നവനെയും ചേട്ടനെയും കാണാനും അവരോടൊപ്പം കളിക്കാനും എനിക്കുമില്ലേ ആഗ്രഹം? അമ്മയുടെ താരാട്ട് കെട്ടുറങ്ങാന്‍ എന്നാണെനിക്കു കഴിയുക? എനിക്കും കൂടി അവകാശപ്പെട്ട ആ മുലപ്പാല്‍ നിഷേധിക്കപ്പെട്ട എന്‍റെ വേദന എന്ന് മനസ്സിലാകും? വരുമോ...എന്നെയും അവിടേക്ക് കൊണ്ടുപോകുമോ? എന്തില്ലെങ്കിലും എനിക്കുമില്ലേ ആഗ്രഹം നിങ്ങളോടൊന്നിച്ചു ജീവിക്കാന്‍ !!! ഞാന്‍ പിച്ച വച്ച് തുടങ്ങിയത് കാണാന്‍ നിങ്ങള്‍ക്കുമില്ലേ ആഗ്രഹം? എന്‍റെ കുസൃതികള്‍ നിങ്ങള്‍ക്കും കാണേണ്ടേ?

ഈ വിരഹം താങ്ങാന്‍ കഴിയുന്നതിനപ്പുറമാണ്...എന്നെങ്കിലും എന്നെയും കൂട്ടിക്കൊണ്ടു പോകാന്‍ വരുന്ന എന്‍റെ അച്ഛനെയും അമ്മയെയും നോക്കി ഈ പടിപ്പുരയില്‍ എന്നും ഞാനുണ്ടാവും...എന്നും....