2009 ഡിസംബർ 20, ഞായറാഴ്‌ച

പി എന്നാല്‍ പരമേശ്വരന്‍!!!

എന്‍റെ ഗ്രാമം, വളരെ സമ്പന്നമൊന്നുമല്ലാത്ത എന്‍റെ ചെറിയ ഗ്രാമം...നാനാ ജാതി മതസ്ഥരും ഒന്നിച്ച് കഴിയുന്ന എന്‍റെ ഗ്രാമത്തില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം...അമ്പലങ്ങളിലെ ഉത്സവങ്ങളും പള്ളികളിലെ പെരുന്നാളുകളും എല്ലാവരും ഉത്സാഹത്തോടെ തന്നെ കൊണ്ടാടുന്നു....അങ്ങനെ എന്‍റെ ഗ്രാമത്തിലെ അമ്പലത്തില്‍ ഉത്സവത്തിനു കൊടിയേറി....ഞങ്ങളുടെ ഓണം ആണ് ഞങ്ങളുടെ ഉത്സവങ്ങള്‍ എന്ന് പറഞ്ഞാല്‍ പോലും അതില്‍ തെല്ലും അതിശയോക്തിക്ക് വകയില്ല... അല്ലെങ്കില്‍ ഓണത്തിനേക്കാള്‍ ഉത്സവങ്ങള്‍ക്കു ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നു....പത്തു ദിവസത്തെ ഉത്സവങ്ങളില്‍ പലതരം പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്!! നാടകം, ബാലെ, ഗാനമേള, മിമിക്രി, സംഗീത കച്ചേരി മുതലായ കിടിലന്‍ പരിപാടികളായിരുന്നു ഇത്തവണ...ഇതിനിടെ ഒരു കാര്യം കൂടി പറഞ്ഞ് കൊള്ളട്ടെ...ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചവര്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വളരെ വിരളമാണ്, അത് കൊണ്ട് തന്നെ സംഗീത കച്ചേരി വേണ്ട എന്ന് ആദ്യം തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു...നാടോടുമ്പോള്‍‍ നടുവേ...എന്നല്ലേ, മിക്കവാറും ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്ക് കച്ചേരി ഉള്ളത് കൊണ്ട് ഇവിടെയും വേണമെന്ന് കുറച്ചു പേര്‍ ആവശ്യപ്പെട്ടതാണ് ഇത്തവണ ഒരു ദിവസം കച്ചേരി നടത്താന്‍ കമ്മിറ്റി തീരുമാനിച്ചത് എന്നാണ് ജന സംസാരം...ഉത്സവം മൂന്നു ദിനങ്ങള്‍ പിന്നിട്ടു...നാലാം ദിവസമാണ് സംഗീത കച്ചേരി...അതും നെയ്യാറ്റിന്‍കര വാസുദേവന്‍റെത്...ആനന്ദ ലബ്ദിക്കിനിയെന്തു വേണം!! കച്ചേരിയോടുള്ള അടങ്ങാത്ത അഭിനിവേശമാകണം കേള്‍വിക്കാര്‍ വളരെ കുറവായിരുന്നു....പ്രായമുള്ളവര്‍ മുന്‍പില്‍ തന്നെ സ്ഥലം പിടിച്ചു...സംഗീതമറിയില്ലെങ്കിലും തല കുലുക്കന്നതിലോ താളമിടുന്നതിലോ ഇവരാരും തന്നെ ഒരു ലുബ്ദും കാണിച്ചതുമില്ല!! വാതാപിയിലായിരുന്നു കച്ചേരിയുടെ തുടക്കം...രണ്ടു മണിക്കൂറോളം നീണ്ട കച്ചേരി തീര്‍ന്നു...വലിയ കൈയടിയോ ബഹളങ്ങളോ ഇല്ലാതെ..... പരിപാടിയുടെ കാശും വാങ്ങി അദ്ദേഹവും കൂട്ടരും സ്ഥലം വിടുകയും ചെയ്തു...അടുത്ത ദിവസം പുലര്‍ച്ചെ, ഇന്നലെ കഴിഞ്ഞ കച്ചേരിയായിരുന്നു മുതിര്‍ന്നവരുടെ സംസാര വിഷയം...അതില്‍ വാസുപിള്ള അമ്മാവന് ഒരു സംശയം..."വാതാ....പി....ഗണപതിം...എന്ന് അദ്ദേഹം എന്തിനാ വിട്ടു പാടിയത്" എന്നായിരുന്നു സംശയം...അറിവുള്ളവര്‍ പറഞ്ഞു "അമ്മാവാ അത് വിട്ടു പാടിയതൊന്നുമല്ല, പാടേണ്ട രീതിയാണത്..അമ്മാവന് ശാസ്ത്രീയ സംഗീതം അറിയാഞ്ഞിട്ടാണ്‌ ഇങ്ങനെ തോന്നുന്നത്"" ഓ, അറിവുള്ളവര്‍ വന്നിരിക്കുന്നു...അദ്ദേഹം അങ്ങനെ പാടിയതിന് കാരണമുണ്ട്, ഗണപതിയെ സ്മരിക്കുമ്പോള്‍ അദ്ദേഹത്ത്നിന്റെ അച്ഛനെയും സ്മരിക്കെണ്ടേ? അതാണ്‌ അതങ്ങനെ പാടിയത്"! ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കിയ ഞങ്ങളിലാരോ ചോദിച്ചു "എങ്ങനെ?""ഡാ, വാതാ...പി...ഗണപതിം എന്ന് പറഞ്ഞാല്‍ "വരൂ പരമേശ്വര പുത്രന്‍ ഗണപതി" എന്നാണ്, അതായത്, സംഗീതമായത് കൊണ്ട് അങ്ങനെ പരത്തി പാടാന്‍ പറ്റില്ലല്ലോ, അതിനാണ് ചുരുക്കി "പി ഗണപതിം" എന്ന് പാടുന്നത്, മനസ്സിലായോ?"പി എന്നാല്‍ പരമേശ്വരന്‍!!!

5 അഭിപ്രായങ്ങൾ:

  1. മൂപ്പര്‍ എല്ലാ സംഗീതകച്ചേരിയും ഒന്നു കേട്ടെങ്കില്‍
    ഒരു തീരുമാനമായേനെ,
    മറഞ്ഞിരിക്കുന്ന ബന്ധങ്ങള്‍
    ഒക്കെയും വെളിച്ചം കണ്ടേനെ ...

    മറുപടിഇല്ലാതാക്കൂ
  2. ഉം...
    പി.ഗണപതി കൊള്ളാം.
    നല്ല നര്‍മ്മം.
    (നെയ്യാറ്റിന്‍ കര വാസുദേവന്‍ ദിവംഗതനായിട്ട് രണ്ടു വര്‍ഷം ആകാറായി!)

    മറുപടിഇല്ലാതാക്കൂ
  3. ഇതു വരെയും ഞാനും ഇതറിയാതെ കുഴങ്ങിയിരിക്കുകയായിരുന്നു. ഇപ്പോ മനസ്സിലായി!

    മറുപടിഇല്ലാതാക്കൂ
  4. മൂപ്പര് സ്ഥിരായിട്ട് റിയാലിറ്റി ഷോ ഒന്നും കാണാത്തത് നിങ്ങള്‍ടെയൊക്കെ ഭാഗ്യം :)

    മറുപടിഇല്ലാതാക്കൂ
  5. ആ അറിവ് സമ്മതിച്ചു തന്നിരിക്കുന്നു. :)

    ഇതിന്റെ മുന്‍ പോസ്റ്റില്‍ വെളുപ്പിന് 93 അഴകും കല്‍പ്പിച്ചുകൊടുത്ത മകന്റെ മുന്‍പില്‍ നമിച്ചു. കുട്ടികളായാല്‍ ഇങ്ങനെ വേണം. പിന്നെ, അച്ഛനെന്തിനേ ചിരി മറയ്ക്കാന്‍ പാടുപെടുന്നേ? മകന്റെ ഒപ്പം ചേര്‍ന്നങ്ങ് പൊട്ടിച്ചിരിച്ചൂടായിരുന്നോ? മോനും അതൊരു സന്തോഷമാകുകില്ലായിരുന്നോ?

    മറുപടിഇല്ലാതാക്കൂ